കാരക്കാസ്: വെനസ്വേലയിലുള്ള ക്യൂബക്കാർ സ്വരാജ്യത്തേക്കു മടങ്ങുന്നു. സൈനിക, ഇന്റലിജൻസ് ഉദ്യോഗസ്ഥരും ഡോക്ടർമാരും അടക്കമുള്ളവരാണു തിരിച്ചുപോകുന്നത്. ഇതിനായി വെനസ്വേലയിലെ ഇടക്കാല പ്രസിഡന്റ് ഡെൽസി റോഡ്രിഗസിനുമേൽ അമേരിക്കയിലെ ട്രംപ് ഭരണകൂടം സമ്മർദം ചെലുത്തുന്നതായി റിപ്പോർട്ടുകളിൽ പറയുന്നു.
വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അമേരിക്കൻ ഭരണകൂടം തട്ടിക്കൊണ്ടുപോയതിനു പിന്നാലെയാണു നടപടികൾ ആരംഭിച്ചത്. ക്യൂബയും വെനസ്വേലയും തമ്മിലുള്ള ദീർഘകാല ബന്ധം അവസാനിപ്പിക്കാനാണ് അമേരിക്കൻ നീക്കം.
മഡുറോയുടെ മുൻഗാമി ഹ്യൂഗോ ഷാവേസിന്റെ കാലത്താണ് വെനസ്വേല-ക്യൂബ ബന്ധം ശക്തിപ്പെട്ടത്. ഷാവേസിന്റെയും മഡുറോയുടെയും ബോഡിഗാർഡുകൾ ക്യൂബൻ സൈനികരായിരുന്നു. വെനസ്വേലൻ സേനയുടെ ഇന്റലിജൻസ് വിഭാഗങ്ങളിലും ക്യൂബൻ ഉദ്യോഗസ്ഥർ പ്രവർത്തിച്ചു. മഡുറോയെ റാഞ്ചാനുള്ള യുഎസ് ഓപ്പറേഷനിൽ 32 ക്യൂബൻ സൈനികർ കൊല്ലപ്പെട്ടിരുന്നു.
എന്നാൽ, മഡുറോയ്ക്കുശേഷം ഭരണമേറ്റ ഡെൽസി റോഡ്രിഗസ് സ്വരക്ഷയ്ക്കു ക്യൂബൻ സൈനികരെ നിലനിർത്താൻ തയാറായില്ല. വെനസ്വേലൻ ഭടന്മാരാണു ഡെൽസിക്കു സുരക്ഷ നല്കുന്നത്. കഴിഞ്ഞയാഴ്ചകളിൽ ക്യൂബൻ സൈനികരും മെഡിക്കൽ പ്രഫഷണലുകളും വെനസ്വേല വിടാൻ തുടങ്ങി. ഡെൽസിതന്നെയാണ് ഇതിന് ഉത്തരവിട്ടതെന്നും റിപ്പോർട്ടുണ്ട്.
സേവനങ്ങൾക്കു പകരം വെനസ്വേലയിൽനിന്നു ലഭിച്ച എണ്ണയാണ് ക്യൂബയുടെ ഊർജാവശ്യങ്ങൾ നികത്തിയിരുന്നത്. നിലവിൽ ട്രംപ് ഭരണകൂടം ക്യൂബയ്ക്ക് എണ്ണ നല്കുന്നതിൽനിന്നു വെനസ്വേലയെ വിലക്കിയിട്ടുണ്ട്.